ലോകത്തെ പ്രമുഖ രാജ്യങ്ങൾക്കായി രൂപീകരിക്കുന്ന പുതിയ പ്രതിരോധ ബാങ്കിൻ്റെ (Defence Bank) ആസ്ഥാനമാകാനുള്ള താല്പര്യം ഔദ്യോഗികമായി അറിയിച്ച് ടൊറൻ്റോ രംഗത്തെത്തി. ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബാങ്ക് (DSRB) എന്ന് പേരിട്ടിരിക്കുന്ന ഈ ആഗോള സാമ്പത്തിക സ്ഥാപനം ടൊറൻ്റോയിൽ വരികയാണെങ്കിൽ, ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (GTA) മാത്രം ഏകദേശം 3,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രതിരോധം, സുരക്ഷ, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകുകയാണ് ഈ ബാങ്കിൻ്റെ പ്രധാന ലക്ഷ്യം.
നാറ്റോ (NATO) അംഗരാജ്യങ്ങൾക്കും അവരുടെ ഇൻഡോ-പസഫിക് സഖ്യകക്ഷികൾക്കും ഉൾപ്പെടെ 40 രാജ്യങ്ങൾക്കാണ് ഈ ബാങ്ക് സേവനം നൽകുന്നത്. 2026 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന ബാങ്കിൻ്റെ ആസ്ഥാനത്തിനായി ടൊറൻ്റോയ്‌ക്കൊപ്പം വാൻകൂവർ, ഹാലിഫാക്സ്, ഒട്ടാവ, മോൺട്രിയൽ എന്നീ നഗരങ്ങളും മത്സരരംഗത്തുണ്ട്. ഈ പദ്ധതി കാനഡയ്ക്ക് വലിയ നേട്ടമാണെന്നും എന്നാൽ ബാങ്ക് ആസ്ഥാനം ടൊറൻ്റോയിൽ തന്നെ സ്ഥാപിക്കണമെന്നും ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി വ്യക്തമാക്കി.
ടൊറൻ്റോയ്ക്കായി വാദിക്കുന്നവർ നഗരത്തിൻ്റെ ചില അനുകൂല സാഹചര്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. കാനഡയിലെ ഏറ്റവും വലിയ അഞ്ച് ബാങ്കുകളുടെയും ആസ്ഥാനം ടൊറൻ്റോയിലാണ് എന്നതാണ് ഇതിലൊന്ന്. കൂടാതെ നിരവധി വിദേശ ബാങ്കുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മികച്ച സാങ്കേതിക വിദ്യയും ഉൽപ്പാദന ശേഷിയുള്ള പ്രതിഭകളുടെ വലിയൊരു നിരയും നഗരത്തിലുണ്ടന്ന് അവർ വാദിക്കുന്നു. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ഈ നീക്കത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തി. ടൊറൻ്റോയുടെ സാമ്പത്തിക അടിത്തറ ഇതിന് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.